ഞങ്ങള് പ്രതീക്ഷിച്ചപോലെ തന്നെ അല്പ സമയത്തിനകം തന്നെ സൂര്യന് അന്നത്തെ കച്ചവടം നിര്ത്താനുള്ള സിഗ്നല് കാണിച്ചു തുടങ്ങി.സൂര്യാസ്തമയം പലരും കണ്ടിരുന്നെങ്കിലും അതെല്ലാം കരയില് വച്ചായിരുന്നു.സൂര്യന് കടലില് താഴ്ന്നാല് കടലില് വരുന്ന മാറ്റങ്ങള് ഞങ്ങളാരും അനുഭവിച്ചിരുന്നില്ല.
പകലോന്റെ അന്ത്യം ക്യാമറയില് പകര്ത്താന് ഡെക്കില് വന് തിരക്കായിരുന്നു.കപ്പലും സൂര്യന് വീഴുന്ന അതേ സ്ഥാനത്തേക്കാണ് പോകുന്നത് എന്ന് ആദ്യം വിളിച്ചു പറഞ്ഞത് റെജു തന്നെയായിരുന്നു.ക്യാപ്റ്റന്റെ റൂമില് നിന്ന് ഒരാള് ബൈനോക്കുലര് വച്ച് നോക്കുന്നതും ആദ്യം കണ്ടത് റെജു ആയിരുന്നു.
“ഇത്രേം വലിയൊരു സാധനത്തെ ഇനിയും ബൈനോക്കുലര് വച്ച് നോക്കുന്നോ?” റെജു ചോദിച്ചു.
“കപ്പല് അങ്ങോട്ട് പോയാല് പ്രശ്നമാകും.ദേ എല്ലാവരും ഈ ലിവറൊന്ന് പിടിച്ച് തള്ളൂ...” ഏതോ ഒരു ലിവര് കാണിച്ച് റെജു പറഞ്ഞു.ആ ലിവര് തള്ളിയത് കാരണം കപ്പല് ദിശ മാറി വെള്ളത്തില് വീണ സൂര്യനുമായി കൂട്ടി ഇടിച്ചില്ല എന്ന് റെജു വയനാട്ടില് ഇപ്പോഴും വീമ്പടിക്കുന്നു.പാവം ആദിവാസികള് മൂക്കത്ത് വിരല് വച്ച് അവരുടെ പഴശ്ശിയുടെ വീരഗാഥകളേക്കാളും വലിയത് കേട്ടുകൊണ്ടേ ഇരിക്കുന്നു!
ഡെക്കില് ഇരുട്ട് വ്യാപിച്ചതോടെ ‘ജോഡി’കളുടെ പ്രളയവും തുടങ്ങി.ആന്റണിയെ പല സ്ഥലത്തും നിര്ത്തി റെജു മാക്സിമം ശ്രമിച്ചെങ്കിലും ഒരു ‘രംഗ‘വും ക്യാമറയില് ക്ലിയറായി പതിഞ്ഞില്ല.ഇതിനിടെ ഞാന് ജമാലിനെ വിളിച്ചു.യാത്ര സുഖകരമായി ആരംഭിച്ച വിവരവും പലരേയും പരിചയപ്പെട്ടതും അറിയിച്ചു.
“സീ അല്പം റഫ്ഫാണ്...” ജമാല് പറഞ്ഞപ്പോള് ഉള്ളൊന്ന് കാളി.‘നടുക്കടലില് എത്തിയപ്പോഴാണോ പഹയാ ഇത് പറയുന്നത്‘ എന്ന് ചോദിക്കാന് തോന്നിയെങ്കിലും ചോദിച്ചില്ല.പകരം ആ ‘സന്തോഷ വാര്ത്ത’ എന്റെ എല്ലാ സുഹൃത്തുക്കള്ക്കും പകര്ന്നു കൊടുത്തു.എല്ലാവരും മൌനമായി ആ പാട്ടു പാടി “ഖല്ബിലെ തീ ....ഖല്ബിലെ തീ ....“.അബൂബക്കര് മാഷ് ഏതോ തങ്ങള്മാരെ വിളിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.
“സീ അല്പം റഫ്ഫാണ്...” ജമാല് പറഞ്ഞപ്പോള് ഉള്ളൊന്ന് കാളി.‘നടുക്കടലില് എത്തിയപ്പോഴാണോ പഹയാ ഇത് പറയുന്നത്‘ എന്ന് ചോദിക്കാന് തോന്നിയെങ്കിലും ചോദിച്ചില്ല.പകരം ആ ‘സന്തോഷ വാര്ത്ത’ എന്റെ എല്ലാ സുഹൃത്തുക്കള്ക്കും പകര്ന്നു കൊടുത്തു.എല്ലാവരും മൌനമായി ആ പാട്ടു പാടി “ഖല്ബിലെ തീ ....ഖല്ബിലെ തീ ....“.അബൂബക്കര് മാഷ് ഏതോ തങ്ങള്മാരെ വിളിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.
എട്ടു മണിയോടെ കപ്പലിനകത്തെ മൈക്ക് ഓണ് ആകുന്നതിന്റെ പൊട്ടലും ചീറ്റലും കേട്ടു.
“യാത്രക്കാരുടെ ശ്രദ്ധക്ക്....”
“ങേ!!” കടല് റഫ്ഫാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെയുള്ള അറിയിപ്പ് എന്തായിരിക്കുമെന്ന ഊഹത്തില് സലീം മാഷ് ഞെട്ടി.അബൂബക്കര് മാഷ് കണ്ണ് പൂട്ടി.ഹരിദാസന് മാഷ് ചെവി പൊത്തി.ഹേമചന്ദ്രന് സാര് മൂളീപ്പാടി.രാജേന്ദ്രന് മാഷ് പെട്ടി പൂട്ടി.ഹരിമാഷ് നാരായണ ജപം തുടങ്ങി.
“യാത്രക്കാരുടെ ശ്രദ്ധക്ക്....ഭക്ഷണം തയ്യാറായിട്ടുണ്ട്...”
“ഹാവൂ...” ശ്വാസമടക്കിപ്പിടിച്ചിരുന്ന എല്ലാവരും കൂടി ദീര്ഘശ്വാസം വിട്ടപ്പോള് കപ്പലൊന്നുലഞ്ഞു.വകഞ്ഞുമാറ്റപ്പെടുന്ന വെള്ളം സൈഡ് ഗ്ലാസ്സിലൂടെ ഭീതിദമായ കാഴ്ചയായി തുടര്ന്നു.അവസാന അത്താഴവും കഴിച്ച് എല്ലാവരും സ്വന്തം സ്വന്തം അറകളിലേക്ക് കയറിക്കൂടി.ദൈവം എനിക്ക് തന്ന ഏറ്റവും നല്ല അനുഗ്രഹം, ഉലക്കയിലാണെങ്കിലും കിടന്നാല് ഉറങ്ങുക അന്നും മുടങ്ങാതെ ലഭിച്ചു .
പിറ്റേ ദിവസം രാവിലെത്തന്നെ എല്ലാവരും എണീറ്റു.പടിഞ്ഞാറ് വീണ സൂര്യന് കിഴക്ക് പൊങ്ങുന്ന കാഴ്ച കാണാനായി എല്ലാവരും വീണ്ടും ഡെക്കിലേക്ക് തിരിച്ചു.കുറേ നേരം കാത്ത് നിന്നിട്ടും സൂര്യന് പൊങ്ങാത്തതിനാല് ശിവദാസന് മാഷുടേയും സതീശന് മാഷുടേയും രക്തം തിളച്ചു.മുമ്പില് ഒരു ചെങ്കൊടി നിവര്ത്തി അവര് രക്തസാക്ഷികള് സിന്ദാബാദ് വിളിച്ചു എന്നും കടലില് രക്തസാക്ഷ്യം വഹിക്കുന്ന സൂര്യന് വേണ്ടി.അതിനിടെ അബൂബക്കര് മാഷുടെ തലയില് നിന്നും പുക ഉയരാന് തുടങ്ങി.
“നമുക്ക് കപ്പിത്താന്റെ അടുത്ത് കയറി നോക്കാം...”“സൂര്യന് ഉദിക്കാത്തത് അറിയാനോ?”
“അല്ല , ഇത്രേം വലിയ കപ്പലിന്റെ സ്റ്റിയറിംഗ് ഒന്ന് കാണാന്...”
“ആ...അത് കാണേണ്ടത് തന്നെ....”
ഞാനും സംഘവും സൂര്യന് ഉദിക്കാത്തതില് പ്രതിഷേധിച്ച് കപ്പിത്താനെ ഘൊരാവൊ ചെയ്യാന് ക്യാപ്റ്റന് റൂമിലേക്ക് കയറി.അവിടെ ഒരു ബര്മുഡയും ഇട്ട് ഒരു വില്സും പുകച്ച് ഒരാള് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.
“യെസ്...അയാം ക്യാപ്റ്റന് ശിവശങ്കര്...”
“അപ്പോ വണ്ടി ഓടിത്തൊടങ്ങ്യാ പിന്നെ വെറുതെ ഉലത്ത്യാല് മതി അല്ലേ?” മനസ്സില് തോന്നിയത് അബൂബക്കര് മാഷ് മറച്ചു വച്ചില്ല.
“സാര്...വീ ആര് ഫ്രം കാലികറ്റ് ഗവ: എഞ്ചിനീയരിംഗ് കോളേജ്...” ഞാന് ക്യാപ്റ്റന്റെ അടുത്തെത്തി സംസാരം തുടങ്ങി.
“ഓ...സ്റ്റഡിയിംഗ് ഫോര്...?”
‘ഇയാളേത് കോപ്പിലെ കപ്പിത്താനാ? ഇത്രേം നരച്ച ഹരിമാഷേയും ഇത്രേം കഷണ്ടിയുള്ള എന്നേയും കണ്ടിട്ട് സ്റ്റഡിയിംഗ് ഫോര് ചോദിക്കാന് ഞമ്മളെന്താ സന്തൂര് സോപ്പാണോ തേക്കുന്നത് ?’ എന്ന് ചോദിക്കാന് ഒരു നിമിഷം തോന്നിപ്പോയി.
“വീ ആര് എമ്പ്ലോയീസ്...”
“ഓ....എങ്കില് മലയാളത്തില് പറഞ്ഞോളൂ...” ഞങ്ങളുടെ ഇംഗ്ലീഷിന്റെ സാധ്യതയും അതുണ്ടാക്കിയേക്കാവുന്ന ബാധ്യതയും മുങ്കൂട്ടി കണ്ട് ക്യാപ്റ്റന് പറഞ്ഞു.ഞങ്ങള് പന്ത്രണ്ട് പേരും കൂടി പൊക്കി എടുത്ത് കടലിലേക്കെറിയുമോ എന്ന പേടി കാരണമാണോ എന്നറിയില്ല ഞങ്ങളുടെ എല്ലാ പൊട്ട ചോദ്യങ്ങള്ക്കും കപ്പിത്താന് മണി മണിയായി ഉത്തരം പറഞ്ഞു.
(ആബിദ്,അരീക്കോട്)
No comments:
Post a Comment